തിരുവനന്തപുരം: കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീയണയ്ക്കുന്നതിനായി ശരിയായ മർഗം ഉപയോഗിച്ച സേനാംഗങ്ങൾക്ക് അഭിനന്ദനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഗ്നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.
വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തുടര്‍പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുകയും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.