ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹരജികൾ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. ഏപ്രിൽ 18ന് അന്തിമ വാദം കേൾക്കും. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വാദം കേട്ടത്.
ഹർജികളിലെ വാദം തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി പൂർണമായും അംഗീകരിച്ചു. ഇതോടെ കേസിന്റെ വാദം പൊതുജനങ്ങൾക്ക് ഓൺലൈനായി കാണാം.
സ്വവർഗ വിവാഹങ്ങൾ ഇന്ത്യൻ കുടുംബസങ്കല്പത്തിന് എതിരാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹങ്ങൾക്കു നിയമസാധുത നൽകാത്തത് മൗലികാവകാശത്തിന്റെ ലംഘനമല്ലെന്നും വിവാഹം വ്യക്തികളുടെ സ്വകാര്യത മാത്രമായി കാണാവുന്നതല്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
മത, സാമൂഹിക, സംസ്കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുർബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികൾ നടക്കരുത്. സ്വവർഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവർഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വിവാഹം എന്നതിലൂടെ ഭരണഘടനയിൽ അർഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണെന്നും ഭരണകൂടത്തിന്റെയും സാമൂഹിക സംവിധാനങ്ങളുടെയും നിലനില്പിന് എതിർലിംഗ വിവാഹങ്ങൾക്കു മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.
സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി സാധുത നൽകുന്നില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹർജി നൽകിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.