ആലപ്പുഴ : വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ നാല് പ്രതികള്‍ കൂടി പൊലീസ് പിടിയിലായി. പ്രതികളുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഘത്തിലെ പ്രധാന പ്രതിയായ അജീഷും കസ്റ്റഡിയിലാണെന്നാണ് സൂചന. പാലക്കാട് വാളയാറില്‍ മറ്റൊരു കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയാണ് കള്ളനോട്ട് കേസില്‍ എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ അറസ്റ്റ് ചെയ്തത്. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് വന്‍ തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനു പിന്നാലെ ജിഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, നല്‍കിയത് വ്യാജനോട്ടുകളാണെന്ന് അറിയാമായിരുന്നുവെന്ന് ജിഷ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായിട്ടാണ് വിവരം. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.