കൊച്ചി: കാന്‍സര്‍ ചികിത്സാ രംഗത്തെ മുന്‍നിരക്കാരായ കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനായി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുമായി സഹകരിച്ച് സ്ഥാപിച്ച ശ്രീ സുധീന്ദ്ര കാർക്കിനോസ് ക്യാൻസർ സെന്‍ററിന്‍റെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഷികാഘോഷ ചടങ്ങുകള്‍ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന കാലയളവിൽ 5756 രോഗികൾക്ക് ക്യാൻസർ സ്ക്രീനിംഗ് നടത്തുവാനും, 59 ക്യാൻസർ സർജറികള്‍ നടത്തുവാനും വിവിധ സ്ഥലങ്ങളിലായി 70 ക്യാൻസർ നിർണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും ശ്രീ സുധീന്ദ്ര കാർക്കിനോസ് ക്യാൻസർ സെന്‍ററിന് സാധിച്ചിട്ടുണ്ട്. സെന്‍ററില്‍ എല്ലാ ദിവസവും ഓങ്കോളജി ഒ.പി. ക്യാൻസർ സ്ക്രീനിംഗ്, കീമോതെറാപ്പി ഉൾപ്പെടെ ഉള്ള തുടർചികിത്സകള്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി പ്രസിഡന്‍റ് രത്‌നാകർ ഷേണായ് വാർഷികാഘോഷ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനോഹര്‍ വി.പ്രഭു, കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ ഡയറക്ടറും സി.ഇ.ഒയുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് , മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജുനൈദ് റഹ്മാന്‍, എറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറി സൂഫി മുഹമ്മദ്, ഡോ.സൗരഭ്, ശ്രീ സുധീന്ദ്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടന്‍റ് ഡോ.രാമാനന്ദ പൈ, ഡോ.ഏന്‍ജല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വാർഷികാഘോഷത്തിന്‍റെ ഭാഗമായി എറണാകുളം പ്രസ് ക്ലബ് അംഗങ്ങൾക്കായി സൗജന്യ ക്യാൻസർ സ്ക്രീനിങ് സൗകര്യവും ഒരുക്കിയിരുന്നു.