സ്ലീപ്പർകോച്ചുകളോടുകൂടിയ ആദ്യ വന്ദേഭാരത് തീവണ്ടികൾ ബെമൽ പുറത്തിറക്കും.ആദ്യവണ്ടി ഈ വർഷം ഡിസംബറോടെയും ബാക്കി ഒൻപതെണ്ണം 2024 മാർച്ചിന് മുമ്പായും ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ടെൻഡറുകൾ റെയിൽവേ ബോർഡ് നൽകിക്കഴിഞ്ഞു.
പ്രതിരോധവകുപ്പിനു കീഴിൽ ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബെമൽ സ്വകാര്യകമ്പനിയുമായി സഹകരിച്ചാണ് തീവണ്ടികൾ നിർമിക്കുക. പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ രൂപകല്പനയ്ക്ക് അനുസൃതമായാണ് സ്ലീപ്പർകോച്ചുകൾ അടങ്ങിയ റേക്ക് നിർമിക്കുന്നത്. പ്രതിരോധവകുപ്പിന്റെ കീഴിലായതിനാൽ സമയബന്ധിതമായി നടക്കുമെന്നതിനാലാണ് തീവണ്ടി നിർമാണം ബെമലിനെ ഏല്പിച്ചിരിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.