പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.ഇരുസഭകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചചെയ്യാൻ പ്രതിപക്ഷപാർട്ടികൾ തിങ്കളാഴ്ച രാവിലെ യോഗം ചേരുന്നുണ്ട്.
ധനബിൽ പാസാക്കിയെടുക്കുകയാണ് സർക്കാരിന്റെ മുഖ്യ മുൻഗണനയെന്ന് പാർലമെന്ററികാര്യ സഹമന്ത്രി അർജുൺറാം മേഘ്‌വാൾ പറഞ്ഞു. റെയിൽവേ, പഞ്ചായത്തീരാജ്, ടൂറിസം, സാംസ്കാരികം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളുടെ ധനാഭ്യർഥനയിലുള്ള ചർച്ചയുമുണ്ടാകും. അതിനുശേഷം പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കും.
ഇരുസഭകളിലുമായി 35 ബില്ലുകളാണ് പാസാവാനുള്ളത്. 2022-ലെ ബഹു സംസ്ഥാന സഹകരണ സംഘം (ഭേദഗതി) ബിൽ, 2022-ലെ ജന വിശ്വാസ് (വകുപ്പ് ഭേദഗതി) ബിൽ എന്നിവ ശൈത്യകാല സമ്മേളനത്തിൽ ജോയന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരുന്നു. സഹകരണ സംഘം ബിൽ സംബന്ധിച്ച റിപ്പോർട്ട് സി.പി. ജോഷി അധ്യക്ഷനായ സമിതി ഉടൻ സമർപ്പിച്ചേക്കും.