കണ്ണൂർ: കാക്കയങ്ങാട്ട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്ഫോടനം ഉണ്ടായത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെയും ലസിതയെയും ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശേരിയിലേക്ക് മാറ്റുകയായിരുന്നു.
സ്ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ട് വർഷം മുമ്പ് സമാന രീതിയിൽ ഇതേ വീട്ടിൽ സ്ഫോടനം ഉണ്ടായിരുന്നു.