ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സഹോദരന്മാർക്ക് തെരുവ്നായ ആക്രമണം ഏറ്റത്. വനമേഖലയോട് അടുത്ത് സ്ഥിതി ചെയ്യുന്ന സിന്ധി ബസ്തിയിൽ നിന്ന് ഹോളി ദിനത്തിൽ ആനന്ദിനെ കാണാതായിരുന്നു.
മാതാപിതാക്കളും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ വനത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തെരുവ്നായ ആക്രമിക്കുകയായിരുന്നു എന്ന് കണ്ടെത്തി.
വെള്ളിയാഴ്ചയാണ് ആനന്ദിന്റെ ഇളയ സഹോദരൻ ആദിത്യ അപകടത്തിൽപ്പെട്ടത്. ആനന്ദിന് തെരുവ്നായയുടെ ആക്രമണം സംഭവിച്ച അതേ സ്ഥലത്ത് വച്ച് തന്നെയാണ് ആദിത്യയും അപകടത്തിൽപ്പെട്ടത്. ബന്ധുവായ യുവാവിനൊപ്പം കാട്ടിനടുത്തേക്ക് പോയപ്പോഴാണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. ഇവര്‍ താമസിക്കുന്ന ജുഗ്ഗി എന്ന പ്രദേശം വനമേഖലയോട് ചേര്‍ന്നാണെന്നും വന്യമൃഗങ്ങളെ പിടികൂടാന്‍ ഇവിടെ നായ്ക്കള്‍ കൂട്ടമായി എത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.