തിരുവനന്തപുരത്ത്: അടുത്ത ദിവസങ്ങളിൽ വേനൽ മഴ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിലും നേരിയ തോതിൽ മഴ പെയ്യും.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി മലപ്പുറം, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ വേനൽ മഴ പെയ്തു തുടങ്ങിയിട്ടില്ല. 99 ശതമാനം മഴക്കുറവാണ് ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളത്. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് 361.5 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടത്. കഴിഞ്ഞ വർഷം വേനൽ മഴ തിമിർത്തു പെയ്തപ്പോൾ സംസ്ഥാനത്തിന് 85 ശതമാനം അധികമഴ ലഭിച്ചിരുന്നു. ഇക്കുറിയും കാര്യമായ അളവിൽ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.