തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും “തണ്ണീർ പന്തലുകൾ’ ആരംഭിക്കുന്നു. ഇവ മെയ് മാസം വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഓആർഎസ് എന്നിവ കരുതണം. പൊതു ജനങ്ങൾക്ക് “തണ്ണീർ പന്തലുകൾ’ എവിടെയാണെന്ന അറിയിപ്പ് നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം.
ഇത്തരം തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയിൽ നിന്നും പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റി മൂന്ന് ലക്ഷം രൂപ, കോർപ്പറേഷൻ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാവുന്നതാണെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.