തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സമരത്തിലേക്ക്. മാർച്ച് 17ന് സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മെഡിക്കല്‍ സമരം നടത്തുമെന്ന് ഐഎംഎ നേതൃത്വം അറിയിച്ചു.
അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു വ്യക്തമാക്കി. കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് 200-ൽ അധികം ആശുപത്രി അക്രമങ്ങള്‍ നടന്നു. ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതി നിര്‍ദേശങ്ങൾ സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല.
പോലീസിന്റെ സാന്നിധ്യത്തില്‍ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ഐഎംഎ നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പൊതു- സ്വകാര്യ മേഖലകളിലുള്ള ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും പണിമുടക്കിന്റെ ഭാഗമാകും. ഒപ്പം സഹോദര സംഘടനകളോടും, സർവീസ് സംഘടകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.