കൊച്ചി: മാലിന്യ പ്ലാന്റിന് തീപിടിച്ച ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും കൊച്ചിയിലെത്തുന്നവർക്ക് മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു
അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവ്വെ നടത്തും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്ളുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുതെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ പ്രേത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.