പത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്കു രണ്ടു മണിയോടു കൂടി കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ബസ് പള്ളിയുടെ പ്രധാനകമാനം ഉൾപ്പടെ ഇടിച്ചുതകർത്തു. കെ.എസ്.ആർ.ടി.സി ബസ്സിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സും പൊലീസും വ്യക്തമാക്കി.
പത്തനംത്തിട്ടയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസ്സാണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണ് അപകടകാരണമെന്നും സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാണ്.
പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ അജയകുമാറിന്‍റെ കാലുകള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ബസ്സിൽ ആളുകൾ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി.
അപകടത്തിൽപെട്ട കെ.എസ്.ആർടി.സി ബസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്പീഡ് ഗവേർണർ വയറുകൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബസിൽ ജി.പി.എസ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.