കേരളീയരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന പുസ്തകം അർഹമായി. 50,000/ രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 25 ന് എറണാകുളത്ത് അന്തർദേശീയ മാധ്യമോത്സവ വേദിയിൽ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു. തോമസ് ജേക്കബ്, എൻ.ഇ. സുധീർ, ഡോ.മീന ടി.പിള്ള, എന്നിവരായിരുന്നു അന്തിമ ജഡ്ജിങ് കമ്മിറ്റിയിൽ. 2020, 2021, 2022 വർഷങ്ങളിൽ ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസിദ്ധീകരിച്ച മാധ്യമ സംബന്ധമായ കൃതികളെയാണ് പരിഗണിച്ചത്. 56 പുസ്തകങ്ങളിൽ നിന്നും അഞ്ചംഗ ജൂറി നിർദേശിച്ച ചുരുക്കപ്പട്ടികയിൽ നിന്നാണ് പുരസ്‌കാര ഗ്രന്ഥം തിരഞ്ഞെടുത്തത്.