എല്ലാ മേഖലകളിലും സ്ഥാനമുറപ്പിച്ചു വരുന്ന നിർമ്മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തകർക്ക് വെല്ലുവിളി അല്ല, അവസരമാണ് എന്ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്. കേരള പത്രപ്രവർത്തക യൂണിയൻ, മാതൃഭൂമി മീഡിയ സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി നടത്തിയ മാധ്യമ പ്രവർത്തകർക്കായുള്ള നിർമ്മിത ബുദ്ധി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി. കെ. വേലായുധൻ, മാതൃഭൂമി മീഡിയ സ്‌കൂൾ ഡീൻ ഷാജൻ സി കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ കെ. രാജഗോപാൽ എന്നിവർ സംസാരിച്ചു.