ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശിലാണ് സംഭവം. അനധികൃതമായി കയ്യേറിയ ഭൂമിയിലാണ് പ്രതി വീട് പണിതിരുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. പൊലീസ് സംഘം വീട് പൂർണമായും തകർത്തു.
കേസിൽ മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന നാലാം പ്രതി കൗശൽ കിശോർ ചൗബേയെ ഇന്ന് പിടികൂടി. അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാൾ വീട് നിർമിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വീട് തകർത്തത്.
അതിക്രൂര കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും വനിതാ പൊലീസുകാർ ചെയ്തത് നല്ല കാര്യമാണെന്നും അന്വേഷണ സംഘത്തെ നയിക്കുന്ന ഓഫീസർ പറഞ്ഞു. ഇത്തരം ക്രൂരതകൾ ചെയ്യുന്നവർക്കെതിരെ ഇത്തരം ശിക്ഷാനടപടികൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലാം പ്രതി കൗശൽ കിഷോർ ചൗബെ എന്നയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾ അനധികൃതമായി സർക്കാർ ഭൂമി കൈവശം വച്ചിരുന്നു”.
“ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥരാണ് ബുൾഡോസർ പ്രവർത്തിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രവർത്തിച്ചു. അത്തരം പ്രവർത്തനങ്ങൾ തുടരണം”- റാണെ പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രഷിത കുർമി പറഞ്ഞു.