ന്യൂഡൽഹി: എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മാസ്കുകൾ അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ജലാംശം അടങ്ങിയ ആഹാര പദാർഥങ്ങൾ കൂടുതലായി കഴിക്കണം. അനാവശ്യമായി ആന്റി ബയോട്ടിക്കുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
നിലവിൽ രാജ്യത്ത് 90ൽ അധികം എച്ച്3എൻ2 വൈറസുകളും എട്ട് എച്ച്1എൻ1 വൈറസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകൾക്കും കോ വിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികൾക്കും പുറമേ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയർത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ ഗണ്യമായ ജനിതക വ്യതിയാനങ്ങൾക്ക് വിധേയമായ എച്ച്3എൻടു ഇൻഫ്ളുവൻസ വൈറസ് ശ്വാസകോശ അണുബാധ ഉൾപെടെയുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉയർത്തുന്നതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.