തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വിസി ഡോ. സിസാ തോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല ഏറ്റെടുത്തതിലാണ് നടപടി. കേരള സർവീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞവർഷം നവംബർ നാലിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് ഇരിക്കെയാണ് ഗവർണറുടെ ഉത്തരവ് പ്രകാരം സിസ- വിസി ചുമതല ഏറ്റെടുത്തത്. ഇത് സർക്കാരിൻറെ അതൃപ്തിക്കിടയാക്കി. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ സിസക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെ തുടർന്ന് ഈയിടെ സർക്കാർ പുതിയ നിയമനം നൽകിയിരുന്നു.
എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടർന്ന് കുറച്ച് നാളായി വൈസ് ചാൻസലർ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സർവകലാശാല വിസിയുടെ പേരാണ് സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ സർവകലാശാല വി സിക്ക് സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നൽകിയത്. സാങ്കേതിക സർവകലാശാലയുടെ ഡയറക്ടറുടെ താത്ക്കാലിക ചുമതലയും കഴിഞ്ഞ മൂന്ന് മാസമായി സിസാ തോമസിനായിരുന്നു. ഇതിന് പിന്നാലെയാണ് വി സിയായും സിസാ തോമസിനെ തീരുമാനിച്ച് രാജ് ഭവൻ ഉത്തരവിറക്കിയത്.