ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ എം ജിഷ മോളെ തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന ജിഷയെ കഴിഞ്ഞദിവസം രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കുകയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. ഇതിനു ശേഷമാകും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
അതേസമയം, കഴിഞ്ഞ ദിവസമാണ് എടത്വ കൃഷി ഓഫീസറായ ജിഷമോളെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജിഷ സംസാരിച്ചിരുന്നത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് പൊലീസിന്റെ സംശയം.