ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു. ബൈക്കിലെത്തിയ യുവതിയും യുവാവും ചേര്‍ന്നാണ് തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം.
യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ത്ഥിച്ചു. പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് യുവാവുമായി കടന്നുകളയുകയായിരുന്നു. അതേസമയം, മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ രാവിലെ ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് 11 മണിയ്ക്കു നോക്കിയപ്പോഴാണ് കാണിക്ക വഞ്ചികള്‍ മോഷണം പോയതായി കണ്ടെത്തിയത്. ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. അതേസമയം, മൂന്ന് മാസം മുന്‍പും ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.