ബംഗളൂരു: വിവാഹിത നെറ്റിയില്‍ സിന്ദൂരം അണിയാത്തതിന് ശകാരവുമായി കര്‍ണാടക ബിജെപി എംപി എസ് മുനിസ്വാമി. മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന – വില്‍പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ബിജെപി എംപിയാണ് എസ് മുനിസ്വാമി.
മേള ഉദ്ഘാടനം ചെയ്യാനെത്തിയ എംപി, വസ്ത്രങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ സന്ദർശിക്കുകയായിരുന്നു. ഇതിനിടെയാണ് കച്ചവടക്കാരിയെ സിന്ദൂരം അണിയാത്തതിന് ശകാരിച്ചത്. ‘‘നിങ്ങളുടെ പേരെന്താണ്?. എന്തുകൊണ്ട് നെറ്റിയിൽ സിന്ദൂരം അണിഞ്ഞില്ല? സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയിൽ സിന്ദൂരം അണിയൂ. നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ?’’– എംപി ചോദിച്ചു.
സംഭവത്തിന്റെ വിഡിയോ വൈറലായതിനു പിന്നാലെ എംപിക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാൻ’ ആക്കുമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ബിജെപിയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അപലപിച്ചു.