ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. രണ്ട് മന്ത്രിമാർ കോൺഗ്രസിലേക്ക് ചേരാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഭവന, അടിസ്ഥാന വികസന മന്ത്രി വി. സോമണ്ണ, യുവജന-കായിക മന്ത്രി കെ.സി നാരായണ ഗൗഡ എന്നിവര്‍ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് ചേരാൻ നീക്കം നടത്തുന്നതായി ‘ദ ഇന്ത്യന്‍ എക്‍സ്‍പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.
മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള ദൗത്യം ബി.ജെ.പി നേതൃത്വം പാർലമെന്ററി ബോർഡ് അംഗം ബി.എസ് യെദ്യൂരപ്പയെ ഏൽപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടിയിൽനിന്നുള്ള കൂടുമാറ്റങ്ങൾ എന്തു വിലകൊടുത്തും തടയണമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് പാർട്ടി വിട്ടാലും തെരഞ്ഞെടുപ്പിൽ അതു പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
മുതിർന്ന നേതാവായിട്ടും പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അസംതൃപ്തിയിലാണ് സോമണ്ണ എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ‘വിജയസങ്കൽപ യാത്ര’യുടെ കോർഡിനേറ്റർ കെ.എസ് ഈശ്വരപ്പയായിരുന്നു. സോമണ്ണയ്ക്ക് ജില്ലാ ചുമതല മാത്രമാണ് നൽകിയിരുന്നത്. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
പാർട്ടിയിൽ ഇനി അധികം ഭാവിയില്ലെന്ന തിരിച്ചറിവിലാണ് നാരായണ ഗൗഡയുടെ കൂടുമാറ്റം. ഇത്തവണ തെരഞ്ഞെടുപ്പിൽ വീണ്ടും ടിക്കറ്റ് ലഭിക്കാനിടയില്ലെന്ന റിപ്പോർട്ടും മനംമാറ്റത്തിനു പിന്നിലുണ്ട്. ഇതിനിടെ, കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ സമീപിച്ചതായാണ് വിവരം.