ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് സൂചന. ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം. അഴിമതിയില്‍പ്പെട്ട ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.