വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ചൊവ്വാഴ്ച ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. 26കാരനായ മുഹമ്മദ് ഗസാവി ഉൾപ്പെടെ ആറു പേർ വെടിയേറ്റ് മരിച്ചതായും 10 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ സൈന്യം അഭയാർഥി ക്യാമ്പിലെ വീട് വളഞ്ഞതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. സൈന്യം മിസൈൽ പ്രയോഗിച്ചതായും ഫലസ്തീൻ പോരാളി സംഘമായ ജെനിൻ ബ്രിഗേഡ് പറഞ്ഞു. കഴിഞ്ഞയാഴ്ച വടക്കൻ വെസ്റ്റ്ബാങ്ക് പട്ടണമായ ഹവാരയിൽ രണ്ട് ഇസ്രായേലികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാനാണ് ജെനിൻ അഭയാർഥി ക്യാമ്പിൽ കടന്നതെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ പറയുന്നു.