തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ട് ഹൈമാസ്റ്റ് ലൈറ്റിന് മുകളിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട കോയന്പത്തൂർ സ്വദേശിയായ യുവതിയും ഇൻസ്ട്രക്ടറെയും രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കോയമ്പത്തൂര്‍ സ്വദേശിയായ പാര്‍വതിയെന്ന യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഗ്ലൈഡിംഗിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്റെ ഇരുമ്പുതൂണിൽ കുടുങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം 50 അടി ഉയരത്തിൽ കുടുങ്ങിക്കിടന്ന ഇരുവരും അഗ്നിരക്ഷാ സേന തയാറാക്കിയിരുന്ന വലയിലേക്ക് പതിക്കുകയായിരുന്നു. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്.
അപകടത്തിൽപ്പെട്ടവരുടെ ശരീരഭാരം താങ്ങാനാവാതെ ഹൈമാസ്റ്റ് ലൈറ്റിന്റെ പിന്നുകളിൽ ഒരെണ്ണം തകർന്നതോടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന് താഴെയായി തയാറാക്കിയിരുന്ന വലയിലേക്ക് വീണതിനാൽ ഇരുവർക്കും കാര്യമായ പരിക്കുകളില്ല.
സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്. കമ്പനിയുടെ വിശദീകരണം അല്പ സമയത്തിനുള്ളില്‍ പുറത്തുവരും.