ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മലയാളി വ്യവസായി അറസ്റ്റില്‍. അരുണ്‍ രാമചന്ദ്ര പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയുമായി അടുത്ത ബന്ധമുളള ഹൈദരാബാദിലെ വ്യവസായിയാണ് അരുണ്‍ രാമചന്ദ്ര പിള്ള.
ദക്ഷിണേന്ത്യന്‍ മദ്യനിര്‍മ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അരുണ്‍ രാമചന്ദ്ര പിള്ള എന്നാണ് ഇഡിയുടെ ആരോപണം. കേസിലെ മറ്റൊരു പ്രതിയായ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് കോഴ കൈപ്പറ്റി മറ്റൊരു പ്രതിക്ക് കൈമാറിയത് അരുണ്‍ രാമചന്ദ്ര പിള്ളയാണെന്നും ഇഡി വാദിക്കുന്നു. ഇന്‍ഡോ സ്പിരിറ്റിന്റെ മാനേജിങ് ഡയറക്ടറാണ് സമീര്‍ മഹേന്ദ്രു. കേസുമായി ബന്ധപ്പെട്ട് അരുണിന്റെ ഹൈദരാബാദിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും 2.25 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു. അതേസമയം, ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.