സ്വർണക്കട്ടിക്കും ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കുന്നു .ഇതേക്കുറിച്ച് പരിശോധിക്കാൻ കഴിഞ്ഞമാസം സമിതി രൂപവത്കരിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വർണക്കടക്കാരുടെ സംഘടനകളും സ്വർണ ഇറക്കുമതിക്കാരും ഹാൾമാർക്കിങ് സംഘടനയും സമിതിയുടെ ഭാഗമാണ്.
ഉപഭോക്തൃ താത്പര്യം കണക്കിലെടുത്ത് മാർച്ച് 31-നുശേഷം സ്വർണാഭരണങ്ങളുടെ വിൽപ്പനയ്ക്ക് ആറക്ക എച്ച്.യു.ഐ.ഡി. നമ്പർ നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നിലവിൽ ആഭരണങ്ങളിൽ ബി.ഐ.എസ്. ലോഗോ, കാരറ്റ് എന്നിവയ്ക്കുപുറമേ ഹാൾമാർക്ക് സെന്റർ വിവരവും ജൂവലറിയുടെ വിവരവും ഉൾപ്പെടുത്തുന്നുണ്ട്. പുതിയ മാനദണ്ഡപ്രകാരം ബി.ഐ.എസ്. ലോഗോ, കാരറ്റ്, ആറക്ക നമ്പർ എന്നിവ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. എന്നാൽ, ഉപഭോക്താക്കൾക്ക് പഴയ സ്വർണം ഉപയോഗിക്കുന്നതിനോ വിൽക്കുന്നതിനോ തടസ്സമില്ല.
2021 ജൂൺ മുതൽ 17.86 കോടി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്തിട്ടുണ്ടെന്ന് പ്രമോദ് കുമാർ തിവാരി പറഞ്ഞു. മൂന്നുലക്ഷത്തിലേറെ സ്വർണാഭരണങ്ങളാണ് ദിവസവും ഹാൾമാർക്ക് ചെയ്യുന്നത്. ഹാൾമാർക്കുള്ള ആഭരണങ്ങളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ബി.ഐ.എസ്. മൊബൈൽ ആപ്പുവഴി അറിയാം. 339 ജില്ലകളിൽ ഹാൾമാർക്കിങ് നടപ്പാക്കിയിട്ടുണ്ട്.