കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
ബ്രഹ്മപുരം തീപിടത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ആവശ്യം. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
അതേസമയം, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്ലാസുകള്‍ക്കു ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാപരിധിയില്‍ ഇതു ബാധകമായിരിക്കും. വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്കു മാറ്റമില്ലെന്നു കലക്ടര്‍ അറിയിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെട്ടുതുടങ്ങിയിട്ടുണ്ട്. നാളെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മാലിന്യ കൂനകൾക്കിടയിലെ തീ കെടുത്തുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷന് വൻതുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്തെത്തി. 1.8 കോടിയാണ് പിഴ ചുമത്തിയത്. മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോർഡിന്റെ കണ്ടെത്തൽ.