അഗർത്തല: രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി തുടരാൻ മണിക് സാഹ. മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ സാഹ സത്യപ്രതിജ്ഞ ചെയ്യും. ത്രിപുര സംസ്ഥാന തെരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 32 സീറ്റും ബിജെപി നേടിയിരുന്നു.
ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര ഒരു സീറ്റിൽ വിജയിക്കുകയുമുണ്ടായി. 2016ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് മണിക് സാഹ, ത്രിപുരയിൽ തെരഞ്ഞെടുപ്പിന് 10 മാസം മുമ്പാണ് ബിപ്ലബ് കുമാർ ദേബിന് പകരം മുഖ്യമന്ത്രിയായെത്തിയത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ഓറൽ, മാക്‌സിലോഫേഷ്യൽ സർജറി സ്‌പെഷ്യലിസ്റ്റായ മണിക് സാഹ ഹപാനിയയിലെ ത്രിപുര മെഡിക്കൽ കോളേജിൽ പഠിപ്പിച്ചിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനത്തെ നയിക്കുന്നതും സാഹയായിരിക്കും. പാർട്ടിയുടെ സംസ്ഥാന ഘടകം നേതാവായി സേവനമനുഷ്ടിച്ച മണിക് സാഹ രാജ്യസഭാ എംപിയുമായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളിൽ ദേശീയ തലത്തിൽ പ്രതിഷേധിക്കാൻ സിപിഐഎം പോളിറ്റ് ബ്യുറോ ആഹ്വാനം ചെയ്തു. ത്രിപുരയിലെ സർക്കാർ രൂപീകരണത്തിനുള്ള നിർണ്ണായക ചർച്ചകളാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വതിൽ ഗുവഹത്തിയിൽ നടക്കുക.