കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് കത്തുനൽകിയത്. കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടര്‍ന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്കു മാറ്റമില്ല.
ഒട്ടേറെപ്പേർക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടായി. ശ്വാസംമുട്ടൽ, ഛർദി, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനു സമീപമുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി.
പുക അടക്കാനും തീ പൂര്‍ണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂര്‍ണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.