കോഴിക്കോട്: ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെയും ലേബര്‍ റൂമും വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് ടൗണ്‍, കുന്ദമംഗലം, എലത്തൂര്‍, ബേപ്പൂര്‍, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ പി ബഹിഷ്‌കരണം. അതേസമയം, ചികിത്സ വൈകിയെന്നാരോപിച്ചാണ് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ.പികെ അശോകന് മര്‍ദനമേറ്റത്. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടതെന്നും അതിക്രമം ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേസ് എടുക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടായെന്നും ഐഎംഎ വ്യക്തമാക്കി.
സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ രണ്ടു പേര്‍ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്.