കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.
സംസ്കരണം നടക്കാത്തപ്പോള്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നാളെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ജനകീയ സമരസമിതി വ്യക്തമാക്കി.
വ്യാഴാഴ്ച മുതല്‍ ശേഖരിച്ച മാലിന്യം ലോറികളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഇവ അഴുകുന്നത് ഒഴിവാക്കാനാണ് ഏതാനും ലോറികള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് കടത്തിവിടാന്‍ തീരുമാനിച്ചത്.
വിഷപ്പുകയും കാറ്റും ഉയര്‍ത്തുന്ന വെല്ലുവിളിക്കിടയില്‍ ബ്രഹ്മപുരം പ്ലാന്‍റിലെ തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീവ്രശ്രമമാണ് നടക്കുന്നത്. നേവിയുടെയും പോര്‍ട്ട് ട്രസ്റ്റിന്‍റേതുമടക്കം മുപ്പതിലേറെ യൂണിറ്റുകളും ഇരുനൂറിലേറെ ഉദ്യോഗസ്ഥരുമാണ് തീയണയ്ക്കാന്‍ പരിശ്രമിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു. തീപിടിത്തമുണ്ടായ 75 ഏക്കര്‍ പ്രദേശത്തെ 12 മേഖലകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്.