തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി രണ്ടു ദിനം മാത്രം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനായി തലസ്ഥാന നഗരിയില്‍ പലയിടത്തും അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. തെരുവുകളിലെല്ലാം വൈദ്യുത ദീപാലങ്കാരങ്ങള്‍ നിറഞ്ഞു. 50 ലക്ഷം പേര്‍ ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, പൊങ്കാലയുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതല തിരുവനന്തപുരം സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനാണ്. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്‌നിരക്ഷാസേന ഒരുക്കുന്നത്. ഇതിനായി 300 അഗ്‌നിശമന സേന അംഗങ്ങളെയാണ് വിന്യസിക്കുക. പൊങ്കാല ദിനം പ്രത്യേക ആരോഗ്യ സംഘത്തെ ഒരുക്കുന്നതിനോടൊപ്പം 35 ആംബുലന്‍സുള്ള 10 മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിപ്പിക്കും.