കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. രാവിലെ 9ന് എറണാകുളം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
അതേസമയം, മൂന്ന് ദിവസമായി നഗരത്തെ മൂടി നില്‍ക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അടിയന്തരയോഗം ചേര്‍ന്നത്. ഇന്നലെ രാത്രി കാറ്റിന്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും പുക എത്തിയിരുന്നു. മരട്, കുണ്ടന്നൂര്‍, കുമ്ബളം ഭാഗത്തും പുക പടരുകയാണ്. പ്ലാസ്റ്റിക്ക് കത്തുന്നതിനാല്‍ അതിന്റെ മണവും വ്യാപകമായുണ്ട്.
അതേസമയം ബ്രഹ്‌മപുരത്ത് തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്‌നിക്ഷാസേന അറിയിച്ചു. ഇന്ന് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഫയര്‍ഫോഴ്‌സിന്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്.