സാമ്പത്തിക, നിക്ഷേപ, വ്യാപാര മേഖലകളിൽ തന്ത്രപരമായ സഹകരണം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച് യു.എ.ഇ, ഇറ്റലി രാഷ്ട്രനേതാക്കളുടെ ചർച്ച. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെയോനിയുടെ യു.എ.ഇ സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിന് ചർച്ചകൾ നടന്നത്. ദ്വിദിന സന്ദർശനത്തിന് ശനിയാഴ്ച അബൂദബിയിലെത്തിയ മെലോനി, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ ഊർജ സുരക്ഷ, പുനരുപയോഗപ്രദമായ ഊർജം, സാങ്കേതിക വിദ്യകൾ, സുസ്ഥിര വികസനം എന്നിവ സംബന്ധിച്ച പൊതുവായ ആശങ്കകൾ പങ്കുവെച്ചു.