തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാൻ ശ്രമമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമണത്തിന് തുനിഞ്ഞാൽ ജനം നോക്കിനിൽക്കില്ല. യുഡിഎഫ് സൃഷ്ടിച്ചത് നാശത്തിന്റെ കുഴിയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.
മുഖ്യമന്ത്രിയെക്കുറിച്ച് എന്തും പറയാമെന്ന് മാത്യു കുഴൽനാടൻ കരുതേണ്ട. നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുന്നവരാണ് യുഡിഎഫുകാർ. പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടുകയാണ് ഇവർ. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയിൽ കല്ലും കെട്ടി അക്രമത്തിന് തുനിഞ്ഞാൽ ജനങ്ങൾ നോക്കി നിൽക്കില്ല. മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലിൽ അടച്ചവരാണ് കോൺഗ്രസ് എന്നും ഇപി ആരോപിച്ചു.
കണ്ണൂരില്‍ ജാഥ എത്തിയപ്പോള്‍ പോലും ഇ.പി വിട്ടുനിന്നത് വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. റിസോർട്ട് വിവാദത്തിൽ പാർട്ടിയോട് അകന്ന ജയരാജൻ അതൃപ്തി തുടരുന്നതിൻ്റെ ഭാഗമായിട്ടാണ് ജാഥയോട് നിസ്സഹകരണം പുലര്‍ത്തിയത്. ഒടുവിൽ മുഖ്യമന്ത്രി അടക്കം ഇടപെട്ട് നടത്തിയ അനുരജ്ഞന നീക്കത്തിനൊടുവിലാണ് ജാഥയിൽ ഇപി പങ്കെടുക്കുന്നതെന്നാണ് വിവരം.