പാലക്കാട്: വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ സർക്കാർ ഭൂമി വിൽക്കാൻ ശ്രമം നടക്കുന്നുവെന്ന് മേശ് ചെന്നിത്തല. നോർക്കയെ മറയാക്കിയാണ് അഴിമതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു, ധനവകുപ്പുകളുടെ എതിർപ്പ് നിലനിൽക്കെ ഉത്തരവ് വന്നതിന് പിന്നിൽ അഴിമതിയുണ്ട്. ഭൂമി വിൽപനയ്ക്കായി കമ്പനി എംഡി വിദേശയാത്ര നടത്തിയതിൽ വിശദീകരണം വേണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നീക്കം. മുൻപ് ശിവശങ്കർ ചുക്കാൻ പിടിച്ച പദ്ധതിയാണിതെന്നും ചെന്നിത്തല പറഞ്ഞു.
വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാനെന്ന പേരിൽ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ അഴിമതിക്കാണ് കോപ്പ് കൂട്ടുന്നത്. ഇതുസംബന്ധിച്ച നിർണായക യോഗങ്ങൾ വിളിച്ചിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് തന്നെയാണ്. സർക്കാർഭൂമി ഇത്തരത്തിൽ സ്വകാര്യസംരംഭങ്ങൾക്ക് നൽകരുതെന്നുള്ള സിപിഎമ്മിന്റെയും വി.എസ്.അച്യുതാനന്ദന്റെയും മുൻ നിലപാട് മറികടന്നുള്ള സർക്കാർ നീക്കത്തിന് പിന്നിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ച് നൽകി കോടികൾ പോക്കറ്റിലാക്കാമെന്നുള്ള ദുഷ്ടലാക്കാണ്.
താൻ പ്രതിപക്ഷ നേതാവായിരിക്കെ ചൂണ്ടിക്കാട്ടിയ പ്രധാന അഴിമതിയായിരുന്നു ഇത്. അതീവ രഹസ്യമായിട്ടാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.