ന്യൂഡൽഹി: രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിക്കും ചുമയ്ക്കും കാരണം ഇൻഫ്ലുവൻസ വൈറസിന്റെ സബ്ടൈപ്പ് ആയ എച്ച്3എൻ2 വൈറസ് ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇൻഫ്ലുവൻസ വൈറസിന്റെ മറ്റു സബ്ടൈപ്പുകളെ അപേക്ഷിച്ച് ആശുപത്രിവാസം കൂടുതൽ എച്ച്3എൻ2 വൈറസ് മൂലമുണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പു നൽകി.
രാജ്യമെങ്ങുമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വിആർഡിഎൽഎസ്) ശൃംഖല വഴിയാണ് ഐസിഎംആർ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡിസംബർ 15 മുതൽ ഇന്നുവരെ 30 വിആർഡിഎൽഎസുകളിൽനിന്നുള്ള ഡേറ്റ വച്ച് ഇൻഫ്ലുവൻസ എച്ച്3എൻ2 വൈറസ് കാരണമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി H3N2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ രോഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു.
ഓരോ വർഷവും ആഗോളതലത്തിലുണ്ടാകുന്ന 3 മുതൽ അഞ്ചു മില്യൺ രോഗബാധിത മരണങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചുള്ള 2.9ലക്ഷം മുതൽ 6.5ലക്ഷം മരണങ്ങൾക്കും പിന്നിൽ സീസണൽ ഇൻഫ്ളുവൻസ ആണെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗം വാക്സിനേഷനാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
വാക്സിനേഷനും ആന്റിവൈറൽ ട്രീറ്റ്മെന്റിനും പുറമെ വ്യക്തിശുചിത്വവും തുമ്മുമ്പുോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും രോഗബാധിതമായാൽ ഐസൊലേഷനിൽ കഴിയുന്നതും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കലുമൊക്കെ പ്രധാനമാണെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്.
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നും ഡോ. നിവേദിത ഗുപ്ത പറഞ്ഞു. മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതു പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്ക്കു കാരണമായത് ഈ വൈറസ് ആണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഓരോ വർഷവും ഇൻഫ്ലുവൻസ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി 30–50 ലക്ഷം വരെയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു.