കോഴിക്കോട്: മെഡിക്കൽ കോളജിൽ നടന്ന പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയിയിരുന്ന സമരത്തിൽ നിന്ന് പിന്മാറി കോഴിക്കോട് സ്വദേശി ഹർഷിന. ആരോഗ്യമന്ത്രി വീണാ വീണാ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
പൂർണമായും നീതി ലഭ്യമാക്കുമെന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഹർഷിന അറിയിച്ചു. ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹർഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
“താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ രണ്ട് ശസ്‌ത്രക്രിയയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നുമാണ് ഹർഷിന നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഒരു ദിവസം കത്രിക ഉള്ളിൽ വെച്ച് ജീവിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഹർഷിന അനുഭവിച്ച വേദന ഉൾക്കൊണ്ടുകൊണ്ടാണ് ആദ്യത്തെ അന്വേഷണം പ്രഖ്യാപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ല. എത്ര വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയ ആണെങ്കിലും മൂന്നും നടന്നിരിക്കുന്നത് സർക്കാർ ആശുപത്രികളിലാണ്. അതിനാൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തും”; വീണാ ജോർജ് പറഞ്ഞു.
കത്രികയുടെ കാലപ്പഴക്കം കേരളത്തിലെ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടികാട്ടി. അന്വേഷണം ഫലപ്രദമായി നടക്കുമെന്നും ഹർഷിനക്ക് നീതി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടാഴ്ചയാണ് മന്ത്രി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുന്നതായി ഹർഷിന അറിയിച്ചു. നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. ആരോഗ്യം ഉള്ളതുകൊണ്ടല്ല, തന്റെ ഉൾക്കരുത്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും അർഷിന പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നിൽ സമരത്തിലായിരുന്നു ഹർഷിന.