ബെംഗളുരു: കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ആറ് കോടി രൂപ കണ്ടെടുത്ത് ലോകായുക്ത അഴിമതിവിരുദ്ധ സംഘം. സർക്കാർ സ്ഥാപനമായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാനും ചാന്നാഗിരി എം.എൽ.എയുമായ മഡൽ വീരുപക്ഷപ്പയുടെ വസതിയിൽ നിന്നാണ് ഭീമമായ തുക പിടിച്ചെടുത്തത്.
ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മകൻ പ്രശാന്ത് മഡലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടികൂടിയതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടന്നത്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് മദൽ വിരുപാക്ഷാപ്പ. വ്യാഴാഴ്ച കെഎസ്ഡിഎൽ ഓഫിസിൽവച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവ്റേജ് ബോർഡ് ചെയർമാനാണ് പ്രശാന്ത്.
ആറ് പ്രതികളാണ് കേസിലാകെയുള്ളത്. ഓഫീസ് അക്കൗണ്ടന്‍റ് സുരേന്ദ്ര മൂന്നാം പ്രതിയാണ്. ഇവർക്കൊപ്പം ഇടപാടിന് ഇടനില നിന്ന മാഡൽ വിരൂപാക്ഷപ്പയുടെ ബന്ധു സിദ്ധേഷ്, കർണാടക അരോമാസ് കമ്പനിയെന്ന കർണാടക സോപ്സിന്‍റെ സഹസ്ഥാപനത്തിലെ ജീവനക്കാരായ ആൽബർട്ട് നിക്കോളാസ്, ഗംഗാധർ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ.
അതേസമയം, കൈക്കൂലി-അനധികൃത പണ വിവാദത്തെ തുടർന്ന് വിരുപക്ഷപ്പ കെ.എസ്.ഡി.എൽ ചെയർമാൻ സ്ഥാനം രാജിവച്ചു. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.