തിരുവനന്തപും: കേരളത്തിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ, കേരളത്തിലും ബി.ജെ.പി. അധികാരത്തിലേറുംമെന്നും ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് മോദി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കും. കേരളത്തിലെ ജനങ്ങൾ നിലവിലെ തിരഞ്ഞെടുപ്പ് ഫലം കാണുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഭരണത്തുടർച്ച ഉറപ്പാക്കിയതിന് പിന്നാലെ ത്രിപുരയിലെയും കേരളത്തിലെയും സിപിഎമ്മിന്റെ ബന്ധത്തിലെ വൈരുദ്ധ്യതയും മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒരിടത്ത് ഗുസ്തിയും മറ്റൊരിടത്ത് ദോസ്തിയുമാണെന്ന് അദ്ദേഹം ആവർത്തിച്ചു.