കോട്ടയം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മേൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരാമർശത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് മാത്യു കുഴൽ നാടൻ എം.എൽഎ. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണെന്നും പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാമർശങ്ങൾ നിയമസഭാ രേഖയിൽ നിന്നും നീക്കിയിരുന്നു. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരമാർശമുണ്ടെന്ന ഭാഗമാണ് നീക്കിയത്. അപകീർത്തിപരമായ പരമാർശം രേഖയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
”വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ സഭയിൽ പരാമർശിക്കാനിടവന്നത്. റിമാൻഡ് റിപ്പോർട്ടിലുള്ള ഭാഗം സഭാ രേഖയിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാൻഡ് റിപ്പോർട്ട് താൻ റഫർ ചെയ്തതത്. ഇപ്പോൾ ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്”. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ ആവർത്തിച്ചു.
ഇ.ഡി. കേസിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. മാത്യു കുഴൽ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിനെതിരായ ഇഡി റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗവും, സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമർശവുമാണ് സഭാ രേഖകളിൽ നിന്നും നീക്കിയത്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ വ്യവഹാരത്തിലിരിക്കുന്ന കാര്യങ്ങൾ പരാമർശിക്കരുതെന്ന നിയമസഭാ ചട്ടം 307 പ്രകാരമാണ് വിവാദ പരാമർശങ്ങൾ നീക്കിയിരിക്കുന്നത്.