തിരുവനന്തപുരം : ഷുഹൈബ് വധക്കേസിൽ പ്രക്ഷ്ബുധമായി നിയമസഭ. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ് ആണ് ശുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്നത് മറ്റൊരു പോരാട്ടമാണെന്നും അത് കൊന്നവരും കൊല്ലിച്ചവരും തമ്മിലാണെന്നും ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഉദ്ധരിച്ച് ടി സിദ്ദിഖ് പറഞ്ഞു.
പുതിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയിൽ വന്ന പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. പിജെ ആർമിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ. സിപിഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. പുസ്തകം വായിക്കുന്ന പിള്ളേർക്കെതിരെ യുഎപിഎ കേസെടുക്കുന്ന സർക്കാർ ആണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. നിലവിലെ അന്വേഷണം അപൂർണ്ണമാണ്. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്തി സുപ്രീംകോടതിയിൽ പോകില്ല എന്ന് സർക്കാർ പറയുമോ? കാലം വന്ന് നിങ്ങളോട് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.