ന്യൂഡൽഹി: ബിജെപി കേരളത്തിലും ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയയിലും നാഗാലാൻഡിലും ബിജെപി സർക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവർ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി, പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതുവരെ പ്രതിപക്ഷം ഇവിഎമ്മിനെ കുറ്റം പറയുന്നത് കണ്ടില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
മോദി മരിക്കട്ടെ എന്നാണ് ചിലർ പറയുന്നത്, എന്നാല്‍ മോദി പോവല്ലേ എന്നാണ് ജനം പറയുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങൾ ഒപ്പമുണ്ട്. നാഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ആദരം അർപ്പിക്കാനായി പ്രവർത്തകരോട് മൊബൈൽ ഫ്ളാഷ് ലൈറ്റുകൾ ഓൺ ആക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.