തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. മാർച്ച് ഏഴിന് പൊങ്കാല ദിവസം എറണാകുളത്തേക്കും നാഗർകോവിലിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് റെയിൽവെ അറിയിച്ചു.
10 ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധിക ട്രെയിനുകൾക്ക് പുറമെ മൂന്നു പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരുക്കും. നാഗർകോവിൽ കോട്ടയം പാസഞ്ചർ, കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സമയം തിരുവനന്തപുരത്ത് നിർത്തിയിടുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
പൊങ്കാല ദിവസം പുലർച്ചെ 1.45 AM ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ ഉണ്ടാകും. പൊങ്കാല അവസാനിച്ച ശേഷം തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വൈകീട്ട് 3.30 PM നും തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്ക് ഉച്ചക്ക് 2.45 PM നും ട്രെയിനുകൾ ലഭ്യമാക്കും.