മുംബൈ: തനിക്ക് ഹൃദയാഘാതം സംഭവിച്ചതായി വെളിപ്പെടുത്തി ബോളിവുഡ് താരം സുഷ്മിത സെൻ. ആൻജിയോപ്ലാസ്റ്റി നടത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു.
സുഷ്മിത തന്നെയാണ് വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതം സംഭവിച്ചതായും സ്റ്റെന്റ് ഘടിപ്പിച്ചതായും താരം അറിയിച്ചു. ചികിത്സിച്ച ഡോക്ടർമാർക്കും തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും സെൻ നന്ദി അർപ്പിച്ചു.
“നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എൻ്റെ കാർഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.”- അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്‌മിത കുറിച്ചു.
1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ സുസ്‌മിത അവസാനം അഭിനയിച്ച സിനിമ 2015ൽ പുറത്തിറങ്ങിയ ‘നിർബാക്’ എന്ന ബംഗാളി സിനിമയാണ്. ഒരിടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് സുസ്‌മിത അഭിനയത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയത്.