തിരുവനന്തപുരം: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍ കോളജിലെ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്നും കത്രിക നഷ്ടപെട്ടതായി പറയുന്നില്ല.
2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയ്ക്ക് സിസേറിയന്‍ നടന്നത്. അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്റെ സഹായവും തേടിയിരുന്നു.
അതേസമയം,തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.