മധുര: തമിഴ്‌നാട്ടിൽ ഇനി മുതൽ സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളെ സർക്കാരിന്‍റെ പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
60 വയസ്സുള്ള ലളിത എന്ന പിടിയാനയുടെ പരിപാലനം സംബന്ധിച്ച് വനംവകുപ്പ് മധുര ബെഞ്ചില്‍ നൽകിയ ഹരജിയാണ് പ്രത്യേക ജഡ്ജി പരിഗണിച്ചത്. ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളുടെ പരിശോധന നടത്താനും ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ നിര്‍ദേശം നല്‍കി.
പല ക്ഷേത്രങ്ങളിലും ആനകളെ പാര്‍പ്പിച്ചിരിക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കോണ്‍ക്രീറ്റ് തറ, ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര, ഭക്ഷണമില്ലായ്മ, സ്വാതന്ത്ര്യമില്ലായ്മ എന്നിങ്ങനെ ദുരിതം നിറഞ്ഞ അവസ്ഥയിലാണ് ആനകള്‍ കഴിയുന്നത്. മദ്യപിച്ചെത്തുന്ന പാപ്പാന്മാര്‍ ആനകളെ ക്രൂരമായി ഉപദ്രവിക്കാറുണ്ട്. ആനകളുടെ സ്വാഭാവിക അന്തരീക്ഷത്തില്‍ നിന്ന് വേര്‍പെടുത്തി അവയെ ഉപദ്രവിക്കുകയാണ്. അതുകൊണ്ടാണ് ആനകള്‍ ചിലപ്പോള്‍ മനുഷ്യരെ ആക്രമിക്കുന്നതെന്നും ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ നിരീക്ഷിച്ചു.