തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന യുഎഇ കോൺസുലേറ്റിൽ നിന്നും രാജിവച്ചതറിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഞെട്ടിയത് ഇനി അനധികൃത കച്ചവടം എങ്ങനെ നടത്തുമെന്ന് ആലോചിച്ചിട്ടാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തദ്ദേശ സ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എട്ട് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനുള്ള ജനങ്ങളുടെ താക്കീതാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് ഉൾപ്പെടെ രണ്ട് സീറ്റുകളിൽ എൻഡിഎക്ക് മിന്നുന്ന വിജയം നേടാനായത് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.