തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ റസ്റ്ററന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താനാണ് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേസമയം, നേരത്തെ രണ്ടു തവണ ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയത്.